2009 ഓഗസ്റ്റ് 23, ഞായറാഴ്‌ച

ശബ്ദമില്ലാതെ

ശബ്ദമില്ലാതെ സി.സ്റ്റീഫന്‍


ഉച്ചമയക്കത്തിന്‍റെ തളര്‍ച്ചയില്‍
Justify Fullവറ്റല്‍മുളകിന്‍റെ ചുട്ടമണം
കപ്പച്ചീളുകളില്‍
വെളിച്ചെണ്ണയും ഉപ്പും നിര്‍മ്മിച്ചെടുക്കുന്ന
ജീവിതത്തിന്‍റെ നാട്ടുരുച്ചി
അമ്മ എന്‍റെ ബാല്യത്തിലേക്ക് തിരിച്ചിറങ്ങിവരുന്നു
വെറ്റിലക്കൊടിയുടെ
നെടുകെയും കുറുകെയും നെയ്ത കാലുകളുടെ
മാന്ത്രികസംഗീതം
നെറ്റിയില്‍നിന്നും
വാര്‍ന്നൊഴുകുന്ന വിയര്‍പ്പിന്‍റെ ഉപ്പ്
മരത്തണലുകളിലെ അഭയം
അപ്പന്‍
കല്ലറ തുറന്ന്
എല്ലാനാളും
എന്‍റെ അസ്വസ്ഥബോധത്തിലേക്കുകയറിവരുന്നു
എന്‍റെ ചുമലില്‍ ക്ഷീണിതമായ ഒരു കൈയ് വെറുതെ വയ്ക്കുന്നു
കുറേനേരം കൂടെ നടക്കുന്നു
വെയില്‍ തളരുന്നു
നേരം
അലസ്സമായൊരു കാറ്റായി
Boldവയലുകളില്‍ നിന്നും കയറിവരുന്നു
ഇലകളില്‍ ചാഞ്ഞുകിടന്ന്
സങ്കടപ്പെട്ട്
കുന്നുകയറി
അങ്ങേച്ഛരിവിലേക്ക് പോകുന്നു
തത്തകള്‍
കതിര്‍ക്കുല തൂവി തിരിച്ച്ചുപോകുന്നു
ഓലത്തുന്ചത്ത് ഓര്‍മ്മകള്‍ കനലെരിക്കുന്നു
രാത്രി ചിറകുനിവര്‍ത്തുന്നു
പാഴായോരില വെറുതെ ഇളകിവീഴുന്നു
ശബ്ദമില്ലാതെ

2009 ഓഗസ്റ്റ് 16, ഞായറാഴ്‌ച

പുസ്തകം


പുപുസ്തകം
ഞാന്‍മടക്കിവയ്ക്കുന്നു
ജനാലയിലൂടെ നോക്കിയിരുന്നാല്‍
വാക്കുകള്‍ എവിടേക്കോ നടന്നുപോകുന്നത്‌ കാണാം
കാഴ്ചയും ശ്രവണവും ഉറക്കമാകുന്നു
ചലനമില്ലാത്ത
നിറകതിരുകളില്ലാത്ത
ജലപാനവും
യാത്രയും സ്വപ്നവും ഇല്ലാത്ത
ജന്മത്തിന്‍റെ വറുതികളിലേക്ക്
കല്‍പ്പടവുകളിറങ്ങി
ഞാനും മടങ്ങിപ്പോകുന്നു

2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

നിശ്ശബ്ദം

നിശ്ശബ്ദം

സി. സ്റ്റീഫന്‍

ശബ്ദമില്ലാത്തവന്‍റെ ഭാഷ
നിറവും മണവും സ്പര്‍ശവുമായി
യേശുക്രിസ്തുവിന്‍റെ കുരിശ്ശേറി വരുന്നു.

അവന്‍റെ നിശ്ശബ്ദമായ കിനാവുകള്‍ക്ക്
ഒരു നീലപ്പൊന്‍മാന്‍പെറുക്കിക്കൂട്ടിയ
നീലനിറച്ചില്ലുകളുടെ സാന്ദ്രത .

അവന്‍റെ നിറമില്ലാത്ത നിശ്വാസങ്ങള്‍ക്ക്
വഴിയില്‍വീണുപോകുന്ന
മുളയ്ക്കാത്ത വിത്തുകളുടെ വേനല്‍ .

അവന്ന്‍റെ നിലവിളികള്‍ക്കു
അറവുമാടിന്‍റെ കുരലില്‍കുരുങ്ങിപ്പോകുന്ന
ശബ്ദമില്ലാത്ത തളര്‍ച്ച .

അവന്‍റെ പ്രണയത്തിന്

ഇണയില്ലാതെ ഒറ്റപ്പെട്ടുപോയ

കാട്ടുപോത്തിന്‍റെ നിരര്‍ത്ഥത.

അവന്‍റെ മരണത്തിനു
കുഴിമാടമില്ലാതെ മരവിച്ചുപോയ
കൊലക്കളത്തിന്‍റെ നിര്‍വ്വികാരത .
അതില്‍ചിതലുകള്‍പടര്‍ന്നുകയറി
ശബ്ദമില്ലാതെ ഒരു പുറ്റ്തീര്‍ക്കുന്നു .